International
റിയാദ്: ഡ്രോൺ ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച സൗദിയിലെ ഈസ്റ്റ്- വെസ്റ്റ് പൈപ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ട്. പൈപ്പിലൂടെ എത്തിക്കുന്ന എണ്ണ ചെങ്കടൽത്തീരത്തെ യാൻബു തുറമുഖം വഴി കയറ്റുമതി ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചോടെ ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി ആശ്രയിക്കുന്ന പൈപ്പാണിത്. സെപ്റ്റംബർ 13നായിരുന്നു പൈപ്പിനെ ലക്ഷ്യമിട്ട ആക്രമണം.
സൗദി കയറ്റുമതി പുനരാരംഭിക്കുന്നതു സംബന്ധിച്ച വാർത്തയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു.
പ്രതിദിനം 40 ലക്ഷം വീപ്പ എണ്ണയാണ് പൈപ്പ് വഴി ചെങ്കടൽത്തീരത്ത് എത്തിച്ചിരുന്നത്. പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഈ ശേഷി വീണ്ടെടുക്കാനായിട്ടില്ല. ഇതിന് ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
യെമനിലെ ഹൂതികൾ ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തുന്നതിനിടെയായിരുന്നു പൈപ്പ് ലൈൻ ആക്രമിക്കപ്പെട്ടത്. ഇറാക്കിൽനിന്നാണ് ഡ്രോണുകൾ വന്നത്.
International
ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദം അവസാനിപ്പിച്ച് നാവിക ഉപരോധം പിൻവലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ. മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാൻ അഗ്രഹിക്കുന്നുവെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കണം. തുടർന്ന് പ്രശ്നപരിഹാരത്തിന് സമയക്രമം നിശ്ചയിക്കണമെന്നും ഇറേനിയൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാന്റെ നിർദേശങ്ങൾ സെപ്റ്റംബർ 16ന് മധ്യസ്ഥർ വഴി അമേരിക്കയ്ക്കു കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ മധ്യസ്ഥർ മുഖാന്തിരം ഇറാനും അമേരിക്കയ്ക്കും ചർച്ച ചെയ്യാവുന്നതാണെന്ന് ഉദ്യോഗസന്ഥൻ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അയച്ച ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കയുമായുള്ള നയതന്ത്രചർച്ചകളിൽ തീരുമാനം എടുക്കാൻ അനുമതി നല്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇറാൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് അറിയിപ്പ്.
International
ഇറാൻ; പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികൾക്കും മുന്നറിയിപ്പ്
ടെഹ്റാൻ: അമേരിക്ക വീണ്ടും വൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്ക വൻ ആക്രമണത്തിനു പദ്ധതിയിടുന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാൻ അറിയിച്ചു.
ഇറാനാതിയാ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകും. അമേരിക്കൻ സേനാ താവളങ്ങളും താത്പര്യങ്ങളും ആക്രമിക്കപ്പെടും. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെയും ലക്ഷ്യമിടുമെന്ന് ഇറാൻ മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം ആസന്നമായ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയില്ല.
പശ്ചിമേഷ്യയിൽ മുന്പു കണ്ടിട്ടില്ലാത്ത വിധമുള്ള സംഘർഷത്തിനു സാധ്യതയുണ്ടെന്നും മേഖലയിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശനിയാഴ്ച അറിയിച്ചിരുന്നു.
ഏഴുമാസമായ പശ്ചിമേഷ്യ സംഘർഷം കൂടുതൽ മേഖലകളിലേക്കു പടരുന്നതിനിടെയാണ് അമേരിക്കൻ ആക്രമണത്തെക്കുറിച്ച് ഇറാൻ മുന്നറിയിപ്പു നല്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇതിനു പുറമേ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദിയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്രവിപണയിൽ എണ്ണവില ഇനിയും ഉയർത്തുമെന്ന ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തിനു കാരണം ബാലിസ്റ്റിക് മിസൈൽ ആക്രമണം ആണെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു.
International
ടെഹ്റാൻ: ഹൂതികളെ അടക്കിനിർത്താൻ ഇറാന്റെ സഹായം അഭ്യർഥിച്ച് ചൈന. സൗദിക്കുവേണ്ടിയാണ് ചൈനയുടെ രഹസ്യ ഇടപെടലുകളെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ കഴിഞ്ഞയാഴ്ച ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തിയതോടെയാണ് സൗദി അധികൃതർ ചൈനയെ സമീപിച്ചത്. ബാബ് അൽ മൺഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലായതോടെ സൗദി എണ്ണക്കയറ്റുമതി അപകടത്തിലായതാണ് കാരണം.
പശ്ചിമേഷ്യാ സംഘർഷം പടരുന്നത് ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയാണ് ചൈനയെ ഇക്കാര്യത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൂതികൾക്കുമേൽ ഇറാനുള്ള സ്വാധീനം ഉപയോഗിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വേളയിലാണോ ചൈന ആവശ്യം ഉന്നയിച്ചത് എന്നതിൽ വ്യക്തതയില്ല.
ഇറാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ കഴിയുന്ന അപൂർവ രാജ്യങ്ങളിലൊന്നാണ് ചൈന. ഒരു പതിറ്റാണ്ടിലേറയായി ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പാശ്ചാത്യ ഉപരോധങ്ങളിൽ വലയുന്ന ഇറാന് ചൈനയുമായുള്ള ഇടപാടുകൾ വലിയ ആശ്വാസമാണ്. ഇറാനിൽനിന്ന് കുറഞ്ഞവിലയിൽ എണ്ണ ലഭിക്കുമെന്നതാണ് ചൈനയ്ക്കുള്ള നേട്ടം. 2025ൽ ഇറാൻ കടൽവഴി വിറ്റ എണ്ണയിൽ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയായിരുന്നു.
പക്ഷേ, യുഎസും ഇസ്രയേലും ഇറാനോടുള്ള യുദ്ധം അവസാനിപ്പിച്ചാലേ പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കപ്പെടൂ എന്ന് ഇറാൻ ചൈനയ്ക്കു മറുപടി നല്കിയതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
International
സനാ: സൗദിയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ഷറൂറാ പ്രവശ്യയിലെ ഒരു സൈനിക കേന്ദ്രത്തിനു നേർക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തതായി ഹൂതി വസ്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ അറിയിച്ചു.
ഷറൂറായിൽ സൈറൺ മുഴങ്ങിയെങ്കിലും ആളപായമോ നാശമോ ഉണ്ടായില്ലെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം യമൻ അതിർത്തിയോടു ചേർന്ന തവാൽ പ്രദേശത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു; ഒരു മോസ്കിനും കുറച്ചു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.
ബാബ് അൽ മൻഡെപിനോടു ചേർന്ന യെമൻ തീരപ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൗദിക്കു നേർക്ക് ആക്രമണങ്ങളുണ്ടായത്. സൗദിയും യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ബോംബിടുന്നുണ്ട്. 48 മണിക്കൂറിനിടെ 129 ആക്രമണങ്ങളുണ്ടായി എന്നാണ് ഹൂതികൾ അറിയിച്ചത്.
ഇതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യെമനിലെ ഔദ്യോഗിക ഭരണകൂട സേന നീക്കം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
International
റിയാദ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. കടലിടുക്കുവഴി നീങ്ങുകയായിരുന്ന കപ്പലിൽ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ സംഘടന അറിയിച്ചു. കപ്പലിൽ തീപിടിത്തമുണ്ടായി. ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.
ഇറാനിലെ ഒരു വാണിജ്യ കപ്പലിനു നേർക്കും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ പൂട്ടിയതിനു പിന്നാലെയുണ്ടായ ഈ സംഭവം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്തിയേക്കും.
ഇറാക്കിൽനിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് പൈപ്പ് പൂട്ടിയത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതിക്കായി ചെങ്കടൽ തീരത്ത് എത്തിച്ചിരുന്നത് ഈ പൈപ്പ് വഴിയായിരുന്നു.
പൈപ്പിനു നേർക്ക് ആക്രമണം നടത്തിയത് ആരാണെന്നു തെളിഞ്ഞിട്ടില്ല. അമേരിക്കൻ പ്രസിഡന്റ ്ട്രംപ് ഇറാന്റെ നേർക്കാണ് വിരൽ ചൂണ്ടിയത്.
International
റിയാദ്: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളിൽ നടത്തിയ മിന്നൽ മുന്നേറ്റം പശ്ചിമേഷ്യാ സംഘർഷത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. സുപ്രധാന കപ്പൽപ്പാതയിൽ സ്ഥിതി ചെയ്യുന്ന ബാബ് അൽ മൻഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾക്കായിക്കഴിഞ്ഞു. ഏഴാം മാസത്തിലേക്കു കടന്ന ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയുടെ കടുത്ത അപ്രീതി നേരിടുന്ന പ്രസിഡന്റ് ട്രംപിന് പുതിയ സംഭവ വികാസങ്ങളുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
പന്ത്രണ്ടു വർഷം സൗദിയും ഗാസ യുദ്ധത്തോട് അനുബന്ധിച്ച് യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ എന്നീ സൈനിക ശക്തികളും നടത്തിയ വ്യോമാക്രമണങ്ങളിൽ എഴിത്തള്ളാവുന്ന ശക്തിയല്ല ഹൂതികളെന്നാണ് ഈ ദിവസങ്ങളിൽ തെളിഞ്ഞത്. ബാബ് അൽ മൻഡെപിനോടു ചേർന്ന മോച്ച തുറമുഖം, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ എന്നിവയെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലായി. സൗദിയുടെ അനുഗ്രഹത്തോടെ യെമൻ ഭരിക്കുന്ന അന്താരാഷ്്ട്ര അംഗീകാരമുള്ള ഭരണകൂടത്തിൽനിന്ന് ഏതാണ്ട് 130 കിലോമീറ്റർ തീരപ്രദേശമാണ് ദിവസങ്ങൾക്കുള്ളിൽ ഹൂതികൾ പിടിച്ചെടുത്തത്.
ഹൂതികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെല്ലാം അമേരിക്കയ്ക്കൊപ്പം സൗദിക്കും ഗുണകരമല്ല. സൗദിയുടെ എണ്ണക്കയറ്റുമതി വലിയ തോതിൽ തടസപ്പെടാം എന്നതാണ് കാരണം. ഗൾഫിലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയതോടെ എണ്ണക്കയറ്റുമതിക്ക് സൗദി ആശ്രയിക്കുന്നത് ചെങ്കടൽ തുറമുഖങ്ങളാണ്. സൗദിയുടെ ഒറ്റ കപ്പൽപോലും കടത്തിവിടില്ലെന്നാണ്, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുത്തശേഷം ഹൂതികൾ പ്രഖ്യാപിച്ചത്. സൗദിയുമായുള്ള ഹൂതികളുടെ ശത്രുതയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായി സൗദിയിലെ സുന്നി തത്വസംഹിതകളോട് യോജിച്ചു പോകുന്നതാണ് ഹൂതികൾ ഉൾപ്പെടുന്ന സെയ്ദി ഷിയാ ഇസ്ലാം. പക്ഷേ, സെയ്ദികളുടെ അസ്ഥിത്വത്തെ തകർക്കുന്ന മതപരമായ ഇടപെടലുകൾ സൗദി നടത്തിയതാണ് ആശയപരമായി ഭിന്നതയുള്ള ഇറാനിലെ ഷിയാ വിഭാഗത്തോട് ഹൂതികളെ അടുപ്പിച്ചത്.
ഹൂതി മുന്നേറ്റത്തിൽ തലപുകയ്ക്കേണ്ടിവരുന്ന മറ്റൊരാൾ പ്രസിഡന്റ് ട്രംപാണ്. നവംബറാദ്യം അമേരിക്കയിൽ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത്. ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഇറാനുവേണ്ടി ഹൂതികൾ ബാബ് അൽ മൻഡെപ് കടലിടുക്ക് പൂർണമായി അടയ്ക്കുമോ എന്ന ആശങ്കയും ട്രംപിനുണ്ടാകാം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു മേൽക്കൈ കൊടുക്കുന്ന നീക്കമായിരിക്കുമിത്.
ഹൂതികൾക്കെതിരേ നേരിട്ടു യുദ്ധത്തിനിറങ്ങാൻ ട്രംപിനു താത്പര്യമില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. കാരണങ്ങൾ പലതാണ്. നിലവിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേന മൊത്തത്തിൽ ഇറാനെതിരായ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹൂതികൾക്കെതിരേ യുദ്ധം തുടങ്ങണമെങ്കിൽ വിപുലമായ ഒരുക്കങ്ങൾ വേണ്ടിവരും. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പുനർവിന്യസിക്കേണ്ടിവരും. ഇറാനിൽ ബോംബിട്ട് ശൂന്യമായിത്തുടങ്ങിയ അമേരിക്കയുടെ ആയുധപ്പുരയ്ക്ക് പുതിയൊരു യുദ്ധം താങ്ങാനാകുമോ എന്നതും സംശയകരം.
ഹൂതികൾ മോച്ച തുറമുഖം പിടിച്ച വ്യഴാഴ്ച സൗദിയിലെ ഭരണനിയന്താവായ മുഹമ്മദ് ബിൻ സൽമാൻ സഹായം തേടി ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഹൂതികളെ ആക്രമിക്കാൻ പറ്റുന്ന അവസ്ഥയിലല്ല അമേരിക്ക ഇപ്പോഴെന്ന് ട്രംപ് സൗദി രാജകുമാരനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പകരം അമേരിക്കൻ ഇന്റലിജൻസ് വിവരങ്ങൾ നല്കി സൗദിയെ സഹായിക്കും.
ഇതിനിടെ, ഹൂതികളുടെ മിന്നൽ നേട്ടങ്ങളിൽ ഇറാൻ നേതൃത്വം അങ്ങേയറ്റം സന്തോഷത്തിലാണ്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ ഹൂതികളെ പ്രശംസിച്ചു.
International
ഡബ്ലിൻ: സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പിനുനേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആയിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയർലൻഡിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
സൗദിയുടെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ചതായും ട്രംപ് മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തെ ബന്ധപ്പെട്ടുവെന്നും അമേരിക്ക സംഘർഷത്തിൽ ഇടപെടരുതെന്ന് അഭ്യർഥിച്ചതായും ട്രംപ് പറഞ്ഞു. ചെങ്കടൽവഴി ഭൂരിഭാഗം കപ്പലുകളെയും ഹൂതികൾ കടത്തിവിടുന്നുണ്ട്. സൗദിയുടെ കപ്പലുകൽ മാത്രമാണ് തടയുന്നത്. അക്കാര്യം ശരിപ്പെടുത്തേണ്ടതുണ്ടെന്നും ട്രപ് കൂട്ടിച്ചേർത്തു.
International
സനാ: യെമനിലെ ഹൂതി വിമതർ ചെങ്കടൽത്തീരത്തെ മിന്നൽ മുന്നേറ്റത്തിനായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യെമനിലെ ഔദ്യോഗിക ഭരണകൂട സേനാ കമാൻഡർ തന്റെ സൈനികരോട് പിന്മാറാൻ ഉത്തരവിടുന്ന ശബ്ദസന്ദേശം ഹൂതികൾ നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കി പ്രചരിപ്പിച്ചു. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന മോച്ച തുറമുഖം ഹൂതികൾ പിടിച്ചെടുത്ത് ഇങ്ങനെയാണത്രേ.
യെമനിലെ ഔദ്യോഗിക ഭരണകൂട സേന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാ കമാൻഡർ ലഫ് ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് ഹൂതി വിമതർ വ്യാജമായി തയാറാക്കിയത്. മോച്ച നഗരത്തിൽനിന്ന് ഔദ്യോഗിക സേന പിന്മാറണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ശബ്ദ സന്ദേശം ഔദ്യോഗിക സേനയെ അങ്കലാപ്പിലാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ വ്യാഴാഴ്ചയാണ് മോച്ച തുറമുഖം പിടിച്ചെടുത്ത്. യെമനിലെ ഔദ്യോഗിക ഭരണകൂട സേന ഇവിടെനിന്ന് പിൻവാങ്ങി. ചെങ്കടൽത്തീരത്തെ മറ്റു തന്ത്രപ്രധാന മേഖലകളും മിന്നൽ നീക്കത്തിൽ ഹൂതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപ് ഇതിൽ ഉൾപ്പെടുന്നു.
സൗദിയുടെ എണ്ണകപ്പലുകളൊന്നും ഇതുവഴി ഇനി വിടില്ലെന്നാണ് ഹൂതികൾ അറിയിച്ചിരിക്കുന്നത്. മറ്റു കപ്പലുകളെ തടയില്ല. ഇറാൻ ഹോർമുസ് കടിലിടുക്ക് അടച്ചതിനാൽ സൗദി ഭരണകൂടം ചെങ്കടൽവഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പുകളും ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.
International
ഇസ്ലാമാബാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.
യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്ലാമാബാദായിരുന്നു.
പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.
ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇസ്ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.
International
സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.
ബാബ് അൽ മൻഡെപിന്റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.
ബാബ് അൽ മന്ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.
International
സനാ: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.
ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.
ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്റെ മേൽക്കൈ വർധിപ്പിക്കും.
പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.
സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.
International
അമ്മാൻ: ഇറാനിലെ വിപ്ലവഗാർഡ് ജോർദാനിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ അമേരിക്കൻ വിമാനങ്ങൽക്കു കേടുപാടുണ്ടായതായി റിപ്പോർട്ട്.
ജോർദാനിലെ മുവാഫക് സാൾട്ടി വ്യോമതാവളത്തിലുണ്ടായിരുന്ന അമേരിക്കൻ വ്യോമസേനയുടെ എ-10 തണ്ടർബോൾട്ട് വിമാനത്തിന്റെ ചിറകൊടിഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണത്തിനു ചെറിയരീതിയിൽ നാശമുണ്ടായി. എല്ലാ വിമാനങ്ങളും സർവീസിനു കയറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞദിവസം അമേരിക്ക ഇറാന്റെ അഞ്ച് എണ്ണടാങ്കർ കപ്പലുകൾ മുക്കിയതിനു മറുപടിയായിട്ടായിരുന്നു ജോർദാനിലെ ആക്രമണം. അതേസമയം, ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വെടിവച്ചിട്ടെണ്ണം ശേഷിക്കുന്നവ ആളില്ലാ സ്ഥലങ്ങളിൽ പതിച്ചെന്നുമാണ് ജോർദാൻ നേരത്തേ അറിയിച്ചിരുന്നത്.
വിമാനങ്ങൾക്കു കേടുപാടുണ്ടായ വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നു വരെ ഇറാൻ യുദ്ധം അവസാനിക്കില്ലെന്ന് പ്രസിഡന്റ ്ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അമേരിക്കൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ പറഞ്ഞത്.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. “തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിൽക്കൂടുതൽ പിടിച്ചുനിൽക്കാൻ ഇറാനു കഴിയില്ല”- ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം ദീർഘകാലം നീണ്ടേക്കാമെന്ന സൂചനയ്ക്കിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്റെ ഭരണകാലത്ത് യുദ്ധം അവസാനിച്ചേക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനു നേരിട്ടു മുന്നറിയിപ്പു നല്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ബോംബിടുമെന്ന ഭീഷണിയും ട്രംപ് പാർട്ടി കൺവെൻഷനിൽ മുഴക്കി. നേരത്തേയുള്ള യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന നതാൻസ് ആണവനിലയത്തിനു സമീപമാണ് പിക്ആക്സ്.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്കുള്ള അതൃപ്തി മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസിന്റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായേക്കും. ട്രംപിന്റെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
International
സിംഗപ്പുർ: എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു. ഇറാൻ-യുഎസ് സംഘർഷം കനത്തതും ഇറാന്റെ പിന്തുയുള്ള യെമനിലെ ഹൂതികൾ സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചതുമാണ് കരാണം.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ഇനം ക്രൂഡ് വീപ്പയുടെ വില ബുധനാഴ്ച രണ്ടു ഡോളറിന ു മുകളിൽ ഉയർന്ന് 100.19 ഡോളർ വരെയെത്തി. പിന്നീട് 99.9 ഡോളറിന് അടുത്തേക്കു താണു. വെസ്റ്റ് ടെക്സസ് ഇനം ക്രൂഡ് വില ഒന്നര ഡോളറിനടുത്തുയർന്ന് 94.52 ഡോളറിലുമെത്തി.
ജൂലൈ 24നു ശേഷം ആദ്യമായിട്ടാണ് ബ്രെന്റ് വില നൂറു ഡോളറിനു മുകളിലെത്തുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച് യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അതിനു മുന്പ് വീപ്പയ്ക്ക് 70 ഡോളറിനടുത്തായിരുന്നു വില. ഏപ്രിൽ അവസാനം വില 126.4 ഡോളറിലെത്തിയെങ്കിലും തുടർന്ന് താഴാൻ തുടങ്ങി. യുഎസ്-ഇറാൻ വെടിനിർത്തൽ സാധ്യത വിദൂരമായതോടെ കഴിഞ്ഞ മാസം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.
യുഎസും ഇറാനും അടുത്തിടെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതും വില വർധനയ്ക്കുള്ള കാരണമാണ്. ചൊവ്വാഴ്ച രാത്രി ഇറാന്റെ അഞ്ച് ടാങ്കറുകൾ മുക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. പകരമായി എട്ടു ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാനും അറിയിച്ചു.
യെമനിലെ ഹൂതികൾ ഇറാനുവേണ്ടി യുദ്ധത്തിൽ ചേരുന്നത് എണ്ണയൊഴുക്കു തടസപ്പെടാനും വില കൂടുതൽ വർധിക്കാനും ഇടയാക്കും. ചെങ്കടലിലെ ബാബ് അൽ മൻഡപ് കടലിടുക്കിൽ ഹൂതികൾക്കുള്ള മേൽക്കയ്യാണ് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടരുകയാണ്.
ഇറാന്റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്ര ഇറാന്റെ അഞ്ച് ടാങ്കർ കപ്പലുകൾ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകൾ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനു പകരമായി എട്ട് എണ്ണ ടാങ്കർ കപ്പലുകളെയും രണ്ട് യുഎസ് നാവികസേനാ കപ്പലുകളെയും ആക്രമിച്ചെന്നാണ് വിപ്ലവഗാർഡിന്റെ അറിയിപ്പ്.
ഗൾഫ് മേഖലയിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന്റ റിപ്പോർട്ടുകൾ ലഭിച്ചതായി സമുദ്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു.
ബഹ്റിൻ, കുവൈത്ത് രാജ്യങ്ങളിലെ തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണവുമുണ്ടായി. ജോർദാനിൽ കനത്ത നാശമുണ്ടായി എന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാൻ തൊടുത്ത 20 മിസൈലുകളിൽ 18നെ വെടിവച്ചുവീഴ്ത്തിയതായി ജോർദാൻ അറിയിച്ചു. രണ്ടെണ്ണം ആളില്ലാ പ്രദേശങ്ങളിൽ പതിച്ചതിനാൽ അപകടങ്ങളുണ്ടായില്ല.
പശ്ചിമേഷ്യാ സംഘർഷം കനത്തതോടെ എണ്ണവില നൂറു ഡോളർ പരിധി വീണ്ടും ഭേദിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സാന്പത്തിക ഉപരോധം ഇറാനെ വരിഞ്ഞുമുറുക്കുന്നു. ആറു മാസം അമേരിക്കൻ ആക്രമണം ചെറുത്ത ഇറാൻ ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഇപരോധങ്ങളെ നേരിടൻ വിഷമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സാന്പത്തിക ഉപരോധങ്ങൾ വർഷങ്ങളായി നേരിട്ടു പരിചയമുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ഓഗസ്റ്റിലെ അമേരിക്കൻ ഉപരോധങ്ങൾ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധങ്ങൾ യുഎസ് ഡോളറിനെ കേന്ദ്രീകരിച്ചുള്ള ആഗോള വിപണിയിൽ ഇറാനെ പൂർണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിടുന്നവയാണ്.
ഇറാന്റെ എണ്ണവില്പന, ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ബാങ്കിംഗ് ശൃംഖലകൾ എന്നിവയെയാണ് ട്രംപ് ഭരണകൂടം പ്രധാനമായും ലക്ഷ്യമിട്ടത്. ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലേക്ക് ഉപരോധം വ്യാപിപ്പിക്കുകയും ചെയ്തത് ഇറാെ ശ്വാസംമുട്ടിക്കുന്നതായി. അമേരിക്കൻ നടപടിയോട് യൂറോപ്യൻ യൂണിയനും സഹകരിക്കുന്നുണ്ട്.
അമേരിക്കയുടെ നാവിക ഉപരോധത്തിനു പുറമേ എണ്ണവിൽപ്പന പൂർണമായും തടയുന്ന ഉപരോധങ്ങളിലൂടെ ഇറാന് വിദേശ കറൻസി ഒട്ടും തന്നെ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഹോർമുസ് കടലിടുക്കു വച്ച് നടത്തുന്ന വിലപേശൽ ഫലിക്കാത്തതും ഇറാനു തിരിച്ചടിയാണ്. ഹോർമുസ് അടച്ചതോടെ ഗൾഫിൽനിന്നുള്ള എണ്ണയൊടുക്ക് നിലയ്ക്കുമെന്നും ആഗോളതലത്തിൽ ഊർജപ്രതിസന്ധിയുണ്ടാകുമെന്നും ചർച്ച നടത്താൻ അമേരിക്ക ഇങ്ങോട്ടു യാചിക്കേണ്ടിവരുമെന്നുമാണ് ഇറാൻ കണക്കുകൂട്ടിയത്.
യുദ്ധത്തിന്റെ ഇറാന്റെ തുറുപ്പുചീട്ടായിരുന്നു ഈ ഹോർമുസ് തന്ത്രം. എന്നാൽ ഇറാൻ പ്രതീക്ഷിച്ചതുപോലുള്ള ഊർജ പ്രതിസന്ധി ആഗോളവിപണിയിൽ ഉണ്ടായില്ല.
സാന്പത്തിക പ്രതിസന്ധി, കറൻസി മൂല്യം കൂപ്പുകുത്തുന്നത്, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്ത് വീണ്ടും പ്രതിഷേധ പ്രകടനങ്ങൾക്കിടയാക്കുമെന്ന ഭയം ഇറേനിയൻ നേതൃതത്തിനുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇന്ധനം, ഗോതന്പ് തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി നിലച്ചത് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു.
ഇറാനിൽ വീണ്ടും ജനകീയ പ്രതിഷേധം അലയടിക്കുമെന്നും പുരോഹിത നേതൃത്വത്തിന്റെെ പിടി അയയുമെന്നും ഭരണകൂടം തകരുമെന്നുമുള്ള പ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളത്. അതേസമയം, തിരിച്ചടികളുണ്ടാകുന്ന ഓരോ ഘട്ടത്തിലും അപ്രതീക്ഷിത അതജീവനതന്ത്രം പുറത്തെടുക്കുന്ന ഇറേനിയൻ നേതൃത്വം ഇക്കുറിയും വിട്ടുകൊടുക്കാൻ സാധ്യതയില്ല.
International
ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.
ഇറാന്റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.
ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.
ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് അഞ്ഞൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്കാൻ അമേരിക്ക തീരുമാനിച്ചു. ബോംബുകൾ, ഗൈഡൻസ് കിറ്റുകൾ മുതലയാവയാണ് നല്കുക.
ഗൾഫ് യുദ്ധത്തിൽ ഇറേനിയൻ സേന സൗദിയിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളും സൗദിയിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു.
സൗദിയുടെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനും ഭീഷണികൾ മറികടക്കാനും തീരുമാനം സഹായിക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.
International
ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.
ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.
ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.
ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ വിവാഹ ആഘോഷത്തിനു നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കൻ ആയുധമാണ് ഇവിടെ പതിച്ചതെന്ന അനുമാനങ്ങൾക്കിടെയാണ് വാൻസ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി അമേരിക്കൻ സേന ഇറാനിൽ നടത്തിയ ആക്രമണത്തിനിടെ ഹോർമുസ് കടലിടുക്കിനു സമീപം സിറിക് പട്ടണത്തിലെ കുഷെസ്താക് ഗ്രാമത്തിൽ വിവാഹ ആഘോഷം നടക്കുന്ന വീട്ടിൽ മിസൈലോ, ബോംബോ പതിച്ച് അഞ്ചു പേർ കൊല്ലപ്പെടുകയും 70 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അമേരിക്കൻ സേന തയാറായിട്ടില്ല. പക്ഷേ, സംഭവത്തിന്റെ ഫോട്ടോ-വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച വിദഗ്ധർ, അമേരിക്കൻ ആയുധം നേരിട്ടു പതിച്ചതിനുള്ള സാധ്യതയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇറേനിയൻ വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ വഴിതെറ്റി വീണതോ, വെടിവച്ചിട്ട മിസൈലിന്റെ ആവശിഷ്ടങ്ങൾ പതിച്ചതോ ആകാം എന്ന സാധ്യതകൾ വിദഗ്ധർ തള്ളിക്കളഞ്ഞു.
അമേരിക്കൻ സേനയുടെ ഭാഗത്തു തെറ്റുണ്ടായാൽ അതിൽനിന്നു പഠിച്ച് തിരുത്തുമെന്ന് വാൻസ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള വലിയ വ്യത്യാസം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.
ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.
റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.
പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.
യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
International
റിയാദ്: ഇറാൻ അടച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സൗദിയിൽനിന്ന് എണ്ണയുമായി വരുകയായിരുന്ന സൂപ്പർ കാരിയർ ഇനത്തിൽപ്പെട്ട ഭീമൻ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സിദർ എന്ന ഒരു കപ്പൽ സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സെനഗൽ പ്രോസ്പെരിറ്റി എന്ന രണ്ടാമത്തെ കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹോർമുസിലെ ഒമാൻ ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടു കപ്പലുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ മിസൈലുകളോ റോക്കറ്റുകളോ പതിക്കുകയായിരുന്നു.
രണ്ടു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിൽനിന്ന് എണ്ണച്ചോർച്ച ഉണ്ടായിട്ടില്ല. രണ്ടുകപ്പലുകളും കഴിഞ്ഞയാഴ്ച സൗദി തുറമുഖത്തുനിന്ന് 20 ലക്ഷം വീപ്പ ഗ്രൂഡ് കയറ്റിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്റെ പ്രതീകാത്മക ദൃശ്യങ്ങൾ അടക്കിയ ഏഐ നിർമിത വീഡിയോകൾ പ്രസിഡന്റ ്ട്രംപ് പുറത്തുവിട്ടു.
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഖാർഖ് ദ്വീപിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ട്രംപ് നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കി പുറത്തുവിട്ടത്.
എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകരുന്നതാണ് വീഡിയോയിലുള്ളത്. ‘ഖാർഖ് ദ്വീപ് തവിടുപൊടിയായി ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.
ഹോർമുസ് കടലിടുക്കിലെ ലാർനാക് ദ്വീപിൽ അമേരിക്കൻ സേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്.
International
റിയാദ്:ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ്-ഇറാൻ സംഘർഷ പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറേനിയൻ ദ്വീപായ ലാറോക്കിൽ അമേരിക്ക ഞായറാഴ്ച രാത്രി ആക്രമണം നടത്തി. ഇതിനു പിന്നാലെ ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.
ജൂലൈ അവസാനത്തിനുശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമായിരുന്നിത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ റോക്കറ്റ് വിക്ഷേപണത്തിനും മൈനുകൾ വിതറുന്നതിനും ഇറാൻ തയാറെടുത്ത പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
മറുപടിയായി ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറേനിയൻ വിപ്ലവഗാർഡ് അറിയിച്ചത്.
യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരു ഡ്രോൺ വെടിവച്ചിട്ടതായി യുഎഇ സ്ഥിരീകരിച്ചെങ്കിലും വ്യോമതാവളം ആക്രമിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ചു.
ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനു സമീപമാണ് ലാർനാക് ദ്വീപ്. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ആറു മാസമായി ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലാർനാക് ദ്വീപിനു സമീപത്തുകൂടി പോകുന്ന വാണിജ്യ കപ്പലുകൾ പരിശോധനയ്ക്കു വിധേയമാകണമെന്നും ഹോർമുസ് കടക്കണമെങ്കിൽ 20 ലക്ഷം ഡോളർ ഫീസ് നല്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
International
ദുബായി: അമേരിക്കയും ഇസ്രയേലും ഇറാൻ യുദ്ധത്തിനു തുടക്കമിട്ടിട്ട് ആറുമാസമായി. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നു തന്നെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഗുരുതരമായി പരിക്കേറ്റ മകൻ മുജ്തബ ഖമനയ് ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ഇതുവരെ അദ്ദേഹം പുറംലോകത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല.
മുജ്തബ ഖമനയ് എവിടെ, അദ്ദേഹത്തിന്റെ അവസ്ഥ എന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ ഇറാൻ തയാറായിട്ടില്ല. ഭരണ നിയന്ത്രണം മുജ്തബയ്ക്കാണെന്ന് ഇറേനിയൻ നേതൃത്വം പറയുന്നു. സുരക്ഷാ കാരണങ്ങളാലാണത്രേ അദ്ദേഹം വെളിച്ചത്തുവരാത്തത്.
ആക്രമണത്തിൽ മുജ്തബയുടെ മുഖത്തും കൈകാലുകളിലും ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംസാരശേഷിയെപ്പോലും ഇത് ബാധിച്ചിരിക്കാമെന്നും പറയുന്നു.
ആറുമാസത്തിനിടെ മുജ്തബയുടെ ഫോട്ടോയോ വീഡിയോയോ പുറത്തുവന്നിട്ടില്ല. ശബ്ദസന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവ് അലി ഖമനയ്യുടെ കഴിഞ്ഞമാസം നടന്ന വിപുലമായ സംസ്കാരച്ചടങ്ങിലും മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
എഴുതിത്തയാറാക്കിയ ഏതാനും സന്ദേശങ്ങൾ മാത്രമാണ് മുജ്തബയുടേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇറേനിയൻ മാധ്യമങ്ങൾ ഇത് ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കാറുണ്ട്.
ഇത്തരം കാര്യങ്ങൾ മുജ്തബയുടെ അവസ്ഥയെക്കുറിച്ചും ഇറേനിയൻ ഭരണത്തിൽ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചും വലിയ സംശയങ്ങൾക്കിടയാക്കുന്നു.
മുജ്തബയുമായി ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ഓഗസ്റ്റ് 10ന് പ്രഖ്യാപിച്ചിരുന്നു. മുജ്തബ ഖമനയി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടുത്തിടെ പറയുകയുണ്ടായി. പക്ഷേ, മുജ്തബയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇതൊന്നും സഹായകരമായിട്ടില്ല.
International
ടെഹ്റാൻ: ആറു മാസം പൂർത്തിയാകുന്ന ഗൾഫ് യുദ്ധത്തിന് അന്ത്യംകാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി ഇറാനിലെത്തി. നിലച്ചുപോയ നയതന്ത്രനീക്കങ്ങൾ പുനസ്ഥാപിക്കലാണ് ലക്ഷ്യം.അമേരിക്കയ്ക്കും ഇറാനുമിടയിൽ മുന്പ് പലവട്ടം ഖത്തർ മധ്യസ്ഥവേഷമണിഞ്ഞിട്ടുള്ളതാണ്. ഇറാനുമായി ബന്ധപ്പെടാൻ ഖത്തർ അടക്കമുള്ള അറബി രാജ്യങ്ങളുടെ സഹായമാണ് അമേരിക്ക തേടുന്നത്. മധ്യസ്ഥത വഹിക്കുന്ന മറ്റൊരു രാജ്യമായ പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തര മന്ത്രിയും ഏതാനും ദിവസം മുന്പ് ഇറാനിലെത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കമാണ് മധ്യസ്ഥശ്രമങ്ങൾക്കു വെല്ലുവിളി. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചിരിക്കുകയാണ്.
ഹോർമുസിന്റെ ഇറാന്റെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കൻ നിലപാട്. ഹോർമുസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു.
ഹോർമുസിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഇറാൻ ചർച്ച നടത്തുന്നുണ്ട്. ഇറാനും ഒമാനും ഹോർമുസിന്റെ ഇരുഭാഗത്തുമുള്ള രാജ്യങ്ങളാണ്.
ഇതിനിടെ, സൈനിക നടപടികൾ നിർത്തിവച്ചിരിക്കുന്ന അമേരിക്ക സാന്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ അടിയറവ് പറയിക്കാനുള്ള ശ്രമത്തിലാണ്. ഏതാണ് ഒരു മാസമായി യുഎസ് സേന ഇറാനിൽ ആക്രമണം നടത്തിയിട്ട്.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് കൂടുതൽ സാന്പത്തിക ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ഇടപാടിനു മുതിരുന്ന രാജ്യങ്ങളും അമേരിക്കൻ ഉപരോധം നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും ഇറാൻ സന്ദർശിച്ചു നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായെന്ന് അറിയിപ്പ്.
യുഎസ്-ഇറാൻ യുദ്ധമായിരുന്നു പ്രധാന ചർച്ചാ വിഷയമെന്ന് മൊഹ്സിൻ നഖ്വി പറഞ്ഞു.
കൂടുതൽ സംഘർഷങ്ങളുണ്ടാകുന്നതു തടയുക, ഹോർമുസ് കടലിടുക്ക് തുറക്കൽ എന്നീ വിഷയങ്ങളും ചർച്ച ചെയ്തെന്ന് പാക് സൈന്യവും അറിയിച്ചു.
പശ്ചിമേഷ്യായിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ ഇരു പക്ഷവും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചുവെന്നും പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി സംസാരിച്ച ശേഷമാണ് ആസിം മുനീൻ ഇറാനിലെത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാനുമേലും ഇറാനുമായി ഇടപാടുകൾക്കു മുതിരുന്ന രാജ്യങ്ങൾക്കു മേലും കനത്ത ഉപരോധം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
International
ടെഹ്റാൻ: ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 ടാങ്കർ കപ്പലുകളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ. ഈ കപ്പലുകളിൽനിന്ന് പിഴ ഇടാക്കാം, അല്ലെങ്കിൽ പിടിച്ചെടുത്ത് ചരക്ക് കണ്ടുകെട്ടാം എന്നാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി അറിയിച്ചത്.
കപ്പലുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വന്പൻ ക്രൂഡ് ടാങ്കറുകൾ, ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നീ ഇനം ടാങ്കറുകൾ ഉൾപ്പെടുന്നു.
ചില കപ്പലുകൾ യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി, സൗദിയിലെ ബാഹ്രി കന്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ്.
ചരിത്രത്തിലിതുവരെ കാണാത്ത ഉപരോധങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരേ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് കരിന്പട്ടിക ഇറാൻ പുറത്തുവിട്ടത്.
ഈ കപ്പലുകളിലെ ചരക്ക് കയറ്റാൻ തയാറാകുന്ന മറ്റു കപ്പലുകളും കരിന്പട്ടികളെയും കരിന്പട്ടികയിൽപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി. പട്ടികയിൽനിന്ന് നീക്കം ചെയ്യാനായി കപ്പലുടമകൾ ഇറാന് അപേക്ഷ നല്കണം.
അതേസമയം, കപ്പലുകൾ ചെയ്ക കുറ്റം എന്താണെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ഹോർമുസിലൂടെ പോകേണ്ട കപ്പലുടമകൾ മുൻകൂർ അനുമതി വാങ്ങണമെന്നും സുരക്ഷയ്ക്കും ഇതര സേവനങ്ങൾക്കും പണം അടയ്ക്കണമെന്നും ഇറാൻ മുന്പു നിർദേശിച്ചിരുന്നു.
യുഎസ്, ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. അതേസമയം, അമേരിക്കയുടെ സംരക്ഷണത്തിൽ ഹോർമുസിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
International
ബാഗ്ദാദ്: ഇറാക്കിൽനിന്ന് എണ്ണ കയറ്റിയ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുവദിച്ചു. ഇറാക്കിന്റെ നിരന്തര അഭ്യർഥ മാനിച്ചാണിതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖ്വാലിബാഫ് ഇറാക്ക് സന്ദർശിച്ച് അവിടുത്തെ പ്രസിഡന്റ് നിസാർ അമേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം ഹോർമുസിലൂടെയുള്ള എണ്ണക്കടത്തായിരുന്നു.
ഹോർമുസിലൂടെ എണ്ണ കടത്താനുള്ള സൗകര്യം ഇറാൻ ചെയ്തുതന്നതായി നിസാർ അമേരിക്ക അറിയിച്ചു.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചതിന്റെ പ്രത്യാഘാതം വലിയ തോതിൽ നേരിടുന്ന രാജ്യമാണ് ഇറാക്ക്. തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ എണ്ണ കയറ്റുമതി ചെയ്യാനുള്ള മാർഗങ്ങൾ ഇറാക്ക് ആലോചിക്കുന്നുണ്ട്. പ്രതിദിനം 40 ലക്ഷം വീപ്പ ക്രൂഡാണ് ഇറാക്ക് ഉത്പാദിപ്പിക്കുന്നത്.
International
ദുബായി: ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് യുഎഎഇയിൽ ഉടനീളം ലഭിച്ചിരുന്നു. രാജ്യത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. രണ്ടു മിസൈലും പേർഷ്യൻ ഉൾക്കടലിൽ പതിച്ചെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിയെന്ന് യുഎഇ അറിയിക്കുന്നത്. ഫെബ്രുവരി അവസാനം മുതലുള്ള യുഎസ് -ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ യുഎഇ അടക്കമുള്ള അറബി രാജ്യങ്ങളെ പതിവായി ആക്രമിച്ചിരുന്നു. അപ്പോഴും ഇറാനുമായുള്ള വ്യാപാരം യുഎഇ നിർത്തിവച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് വ്യാപരബന്ധത്തിൽ ചില ഇളവുകൾ അനുവദിക്കാൻ യുഎഇ തയാറായത്.
അമേരിക്കയുടെ പലവിധ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കയറ്റുമതിക്കും ഇറക്കുമതിക്കുമായി യുഎഇയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പല സാധനങ്ങളും ഇറാനു ലഭിക്കുന്നത് യുഎഇ വഴിയാണ്.
ഇതിനിടെ യുഎഇയ്ക്കു നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പ്രതികരിച്ചത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് എന്നും തങ്ങളുടേതായിരിക്കുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഹോർമുസ് ഇറാന്റേതായിരുന്നു, ഇറാന്റേതാണ്, ഇറാന്റെതായിരിക്കും”- ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇറാന്റെ ഉത്തരവു പ്രകാരമായിരിക്കും ഹോർമുസ് അടയ്ക്കുന്നതും തുറക്കുന്നതും. ഹോർമുസിനെ ഉടൻ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ച,ോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവികഉപരോധം തുടരുമെന്ന് കാസിം ഗരിബബാദി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഒരു രാഷ്ട്രീയ പരിപാടിക്കിടെയാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ സ്വന്തമാക്കുമെന്ന് പറഞ്ഞത്. ഇറാനുമേലുള്ള വിജയം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെന്ന പൈശാചിക രാജ്യം അണ്വായുധം സന്തമാക്കുന്നതിലും നല്ലതാണ് അമേരിക്കക്കാർ ഇന്ധനത്തിനായി അല്പം കൂടുതൽ പണം മുടക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഇന്ധനവില വർധിച്ചതിൽ അമേരിക്കൻ ജനതയ്ക്കുള്ള എതിർപ്പ് ശമിപ്പിക്കാനാണ് ട്രംപ് ഇതു പറഞ്ഞത്.
ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ട്രംപ് നുണ പറയുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇതിനുശേഷം ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാസങ്ങളായി ഇറാൻ അടച്ചിരിക്കുകയാണ്.
International
ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
International
ദുബായ്: ഇറാൻ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള് കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
International
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
International
ന്യൂയോര്ക്ക്: ഇറാനെതിരായ അഞ്ചു മാസത്തെ യുദ്ധത്തില് അമേരിക്കന് സേനയുടെ ദീര്ഘദൂര മിസൈല് ശേഖരത്തില് വന് കുറവുണ്ടായതായി റിപ്പോര്ട്ട്.
അറ്റാകാംസ് (ആര്മി ടാക്റ്റിക്കല് മിസൈല് സിസ്റ്റം), പ്രിസം (പ്രിസിഷന് സ്ട്രൈക്ക് മിസൈല്) എന്നീ ഇനത്തില്പ്പെട്ട മിസൈലുകള് ഏതാണ്ട് പൂര്ണമായി ഇറാനെതിരേ പ്രയോഗിച്ചു തീര്ത്തതായി ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള് വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്സ് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു.
സുരക്ഷിതമായ അകലത്തില്നിന്ന് ശത്രുവിനെ ആക്രമിക്കാന് സഹായിക്കുന്ന ഈ ആയുധങ്ങളുടെ അഭാവം അമേരിക്കന് സേനയുടെ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നും ഇവര് ചൂണ്ടിക്കാട്ടി.
ഭൂതലത്തില്നിന്ന് ഭൂതലത്തിലേക്കു പ്രയോഗിക്കുന്ന ഇനത്തില്പ്പെട്ട ഈ രണ്ടു മിസൈലുകളും കൃത്യതയ്ക്കു പേരുകേട്ടതാണ്. റഷ്യന് അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക അറ്റാകാംസ് നല്കിയിരുന്നു. ഈ മിസൈലുകള് ഉപയോഗിച്ച് യുക്രെയ്ന് നടത്തിയ ആക്രമണങ്ങള് റഷ്യക്കു കടുത്ത പ്രസന്ധിയായിരുന്നു.
ഭാവിയില് അറ്റാകാംസിനു പകരമുപയോഗിക്കാന് വികസിപ്പിച്ചതാണ് പ്രിസം. ഇരു വിഭാഗം മിസൈലുകള്ക്കും ഓരോന്നിന് പത്തു ലക്ഷം ഡോളര് വിലവരും.
പ്രസിഡന്റ് ട്രംപ് ഏപ്രില് 28നാണ് ഇറാനെതിരേ യുദ്ധമാരംഭിച്ചത്. അമേരിക്കയ്ക്കൊപ്പം ഇസ്രേലി സേനയുമുണ്ടായിരുന്നു. അഞ്ചു മാസം പിന്നിട്ട യുദ്ധത്തില് ഇറാന് കീഴടങ്ങാന് തയാറാകാത്തത് ട്രംപിനു വലിയ തലവേദനയാണ്.
അമേരിക്കന് ആക്രമണത്തിനു പകരമായി ഗള്ഫ് രാജ്യങ്ങളിലേക്ക്് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നതാണ് ഇറാന്റെ സൈനികതന്ത്രം. അമേരിക്കന് നിര്മിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇറേനിയന് ആക്രമണത്തെ ചെറുക്കുന്നത്.
അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില് ഉപയോഗിക്കുന്ന മിസൈലുകളും കുറഞ്ഞുവരുന്നതായി നേരത്തേ റിപ്പോര്ട്ടുണ്ടായിരുന്നു. ഇതുമൂലം ഇറാനെതിരായ ആക്രമണം ചില ഘട്ടങ്ങളില് ട്രംപിന് ഉപേക്ഷിക്കേണ്ടിവന്നത്രേ.
Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നടത്തിയ ഈ അപ്രതീക്ഷിത പ്രസ്താവന ഇന്ത്യൻ സ്വർണവിപണിയെയും ഓഹരിവിപണിയെയും ഒരുപോലെ ഉലച്ചു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് ഇന്ത്യയെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടിവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരേ 95.31 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഇന്ധന വിതരണക്കാർക്ക് ഒരു ലിറ്റർ ഡീസലിന് 100 രൂപയും പെട്രോളിന് 20 രൂപയും എന്ന നിരക്കിൽ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിപണിയിലെ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.